അമ്പലപ്പുഴ: തെരെഞ്ഞെടുപ്പിന് മൂന്നു ദിവസം അവശേഷിക്കെ സ്ഥാനാർഥികൾക്കെതിരേ അടിയൊഴുക്കുകൾ വ്യാപകം. മറ്റുള്ളവർക്ക് അവസരം നൽകാതെ തുടർച്ചയായി മത്സരിക്കുന്നവർക്കെതിരേയാണ് സ്വന്തം അണികളിൽ നിന്നുള്ള വോട്ടുചോർച്ചയ്ക്കു സാധ്യത.
പുന്നപ്ര തെക്ക് പഞ്ചായത്തിൽ സിപിഎമ്മിലെ മൂന്ന് വനിതാ സ്ഥാനാർഥികൾക്കെതിരേ തുടക്കം മുതൽ പാർട്ടിയിലെ ബ്രാഞ്ച് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. മൂന്നു മുതൽ അഞ്ചു പ്രാവശ്യംവരെ ഇവർ മൽസരിച്ചു വിജയിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനംവരെ ലഭിക്കുകയും ചെയ്തു.
എന്നിട്ടും മറ്റുള്ളവർക്ക് അവസരം നൽകാതെ പാർട്ടി മേൽഘടകത്തെ വരുതിക്കു നിർത്തി സ്ഥാനാർഥിത്വം നേടിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. തെരെഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് പറയുന്നു.
പുന്നപ്ര തെക്ക് 17-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിക്കെതിരേയും സീറ്റ് ലഭിക്കാതിരുന്ന ചിലരുടെ നേതൃത്വത്തിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നതായാണു സൂചന.
അമ്പലപ്പുഴ തെക്ക്-വടക്ക്, പുറക്കാട്, പുന്ന പ്രവടക്ക് പഞ്ചായത്തുകളിലും നിലവിലുള്ള സ്ഥിരം സ്ഥാനാർഥികൾക്കെതിരേ ശക്തമായ നീക്കം നടക്കുന്നുണ്ട്.
തങ്ങളുടെ സ്ഥാനാർഥിക്കൊപ്പം തെരെഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായ പലരും എതിർ സ്ഥാനാർഥിക്കുവേണ്ടി രഹസ്യ നീക്കം നടത്തുന്നതായി അണികൾക്കിടയിൽത്തന്നെ സംസാരമുണ്ട്.
അധികാര മോഹികളെ വീട്ടിലിരുത്തി പ്രതികരിക്കുമെന്നാണ് ഇവർ പറയുന്നത്.